മാവോയിസ്റ്റ് നേതാവ് സുജാത കീഴടങ്ങി; സർക്കാർ 25 ലക്ഷം രൂപ കൈമാറി
Sunday, September 14, 2025 6:17 AM IST
ഹൈദരാബാദ്: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് സുജാതയ്ക്ക് (പൊതുല പത്മാവതി) തെലങ്കാന സർക്കാർ 25 ലക്ഷം രൂപ കൈമാറി. 2011ൽ ബംഗാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കോടേശ്വർ റാവുവിന്റെ (കിഷൻജി) ഭാര്യയാണ് സുജാത.
തെലങ്കാന സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചാണ് ഇവർ കീഴടങ്ങിയതെന്ന് ഡിജിപി ജിതേന്ദർ പറഞ്ഞു. ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിക്കു കീഴിലെ റവല്യൂഷനറി പീപ്പിൾസ് കമ്മിറ്റികളുടെ ചുമതല ഇവർക്കായിരുന്നു.
പ്രമുഖ നേതാക്കളടക്കം 404 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു സുജാത.