തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ: മാത്യു കുഴൽനാടൻ എംഎൽഎ
Sunday, September 14, 2025 10:48 PM IST
ഇടുക്കി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐക്ക് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ സങ്കട മനോഭാവത്തിന്റെ ഉദാഹരണമാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
"റോഡ് ഉദ്ഘാടനമല്ല നടന്നത്, ഒരു ഭാഗം സാധാരണഗതിയിൽ തുറന്നു കൊടുത്തത് മാത്രമായിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വിഷയം നിയമസഭയിൽ ഉന്നയിക്കും. തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ ആണ്.'-മാത്യു കുഴൽനാടൻ പറഞ്ഞു.
മൂവാറ്റുപുഴ സ്റ്റേഷനിൽ തന്നെ തെറ്റ് ചെയ്ത പൊലീസുകാർ നിരവധിയുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജ്ജവം ഇല്ലേയെന്നും മാത്യുകുഴൽനാടൻ ചോദിച്ചു.
എംസി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ട്രാഫിക് എസ് ഐയെ കൊണ്ട് എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്യിച്ചതാണ് വിവാദമായത്. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് സിപിഎം ആരോപണം.