പേരാമ്പ്രയിൽ ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന കേസില്‍ ഒരാള്‍ പിടിയില്‍
Tuesday, September 16, 2025 6:23 AM IST
കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസിൽ ഒരാള്‍ പിടിയില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്സണ്‍(31) ആണ് പിടിയിലായത്.
ആസ്യ എന്ന സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസ്യയുടെ മാല കവരുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരവേ പ്രദേശവാസിയായ യുവാവിനെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്സണെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടാമനെ പിടികൂടാനായിട്ടില്ല.
അതേസമയം ആസ്യയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത സ്വര്‍ണമാല പോലീസിന് ലഭിച്ചിട്ടില്ല. ഇത് പേരാമ്പ്രയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായി സൂചനയുണ്ട്.