രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച സംഭവം; നേമം ഷജീറിനെതിരെ പരാതി നൽകും
Tuesday, September 16, 2025 11:30 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുഗമിച്ച് നിയമസഭയിലെത്തിയ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം.
കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പോയതിനെ തുടർന്നാണ് ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കെപിസിസി അധ്യക്ഷനും അച്ചടക്ക സമിതിയിലും പരാതി നൽകും.
പാർട്ടി നടപടി നേരിടുന്ന എംഎൽഎയ്ക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഷജീർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ചത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.
നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പി.രാജൻ, സഹായി ഫസൽ എന്നിവരാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കഴിഞ്ഞ ദിവസം അനുഗമിച്ചത്. ഇത് കോൺഗ്രസ് അനുവാദത്തോടെയാണ് എംഎൽഎ നിയമസഭയിലേക്കെത്തിയതെന്ന വ്യാഖ്യാനം സൃഷ്ടിച്ചുവെന്നാണ് പരാതിക്കാരുടെ വിലയിരുത്തൽ.