പൊതുപ്രവർത്തകർ കേസിൽ പ്രതിയാകുന്നത് സ്വഭാവികം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, September 16, 2025 8:05 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ഫേസ്ബുക്കിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
ഇതിനെ വിമർശിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. കേസുകളില്‍ പ്രതിയായതുകൊണ്ട് സ്റ്റേഷനിലിട്ട് മര്ദിക്കാമോയെന്നും രാഹുല്‍ ചോദിച്ചു. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്.
അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ നൂറലധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ യൂത്ത് കോൺഗ്രസിലുണ്ട്. ഇതെല്ലാം രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ.
ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദിക്കുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.