സഹായം തേടിയ വയോധികയെ പരിഹസിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ
Wednesday, September 17, 2025 11:03 PM IST
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിക്കിടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ 'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.
തുടർന്ന്, 'ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, 'അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ' എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.