ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാക്കിസ്ഥാനും ചൈനയും
Friday, September 19, 2025 3:29 AM IST
ന്യൂയോർക്ക്: ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെയും (ബിഎൽഎ) അതിന്റെ ചാവേർ വിഭാഗമായ മജീദ് ബ്രിഗേഡിനെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനും ചൈനയും. യുഎൻ രക്ഷാസമിതിയിലാണ് ഇരുരാജ്യങ്ങളും ആവശ്യമുന്നയിച്ചത്.
ബിഎൽഎ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിലാണു പ്രവർത്തിക്കുന്നതെന്നും അതിർത്തികടന്നുള്ള ആക്രമണത്തിനായി ഇവരുടെ അറുപതോളം ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസീം ഇഫ്തിക്കർ പറഞ്ഞു.
2011ൽ രൂപീകരിച്ച മജീദ് ബ്രിഗേഡ് പ്രധാനമായും പാക്ക് സേനയ്ക്കും ചൈനയ്ക്കും എതിരെയാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞമാസം യുഎസ് ഇവയെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരുന്നു.