ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; പരാജയ കാരണം വ്യക്തമാക്കി നീരജ് ചോപ്ര
Friday, September 19, 2025 4:07 AM IST
ടോക്യോ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ അഞ്ചോളം ഫൗളടക്കം വരുകയും എട്ടാം സ്ഥാനത്തേക്ക് പോവുകയും ചെയ്തതിൽ കാരണം വ്യക്തമാക്കി നീരജ് ചോപ്ര. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ഇത്തരമൊരു പരാജയം ആദ്യമായിട്ടാണെന്നും തന്റെ നടുവേദന അതിന് പ്രധാന കാരണമായെന്നുമാണ് നീരജ് ചോപ്ര വ്യക്തമാക്കിയത്. ഇതോടെ ജാവലിന്‍ ത്രോയില്‍ ഏറെ പ്രതീക്ഷയുള്ള മെഡല്‍ ഇന്ത്യയ്ക്ക് നഷ്ടമായി.
ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്നതിനിടെ ജാവലിന്‍ എറിയാനൊരുങ്ങുമ്പോള്‍ നടുവിന് ഉളുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് പ്രാഗില്‍ നടത്തിയ എംആര്‍ഐ സ്കാനില്‍ ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തി. എറിയാനായി കുനിഞ്ഞപ്പോള്‍ത്തന്നെ ഇടതുവശത്ത് ഒരു വലിവ് അനുഭവപ്പെട്ടു. അതിനുശേഷം എനിക്ക് സാധാരണപോലെ നടക്കാന്‍ പോലും കഴിഞ്ഞില്ല. സാരമാക്കേണ്ടെന്നും വിശ്രമിക്കാനും പറഞ്ഞിരുന്നു. അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് കരുതിയതെന്ന് ചോപ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇവിടെയെത്തിയ ശേഷം ദിവസവും ചികിത്സയിലായിരുന്നെന്നും ഒടുവില്‍ അല്‍പ്പം ഭേദമായിത്തുടങ്ങിയെന്നും പിന്നീട് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.