അപവാദ പ്രചരണം ആരംഭിച്ചത് കോൺഗ്രസ് പ്രവര്ത്തകൻ: കെ.എന്‍. ഉണ്ണികൃഷ്ണന് എംഎൽഎ
Friday, September 19, 2025 12:31 PM IST
കൊച്ചി: അപവാദ പ്രചരണങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവും വൈപ്പിന്‍ എംഎല്‍എയുമായ കെ.എന്‍. ഉണ്ണികൃഷ്ണന്. തനിക്കും സിപിഎം നേതാവ് കെ.ജെ. ഷൈൻ ടീച്ചറിനും എതിരായ വ്യാജ പ്രചരണങ്ങൾ ആരംഭിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എംബി ഗോപാലകൃഷ്ണന് ആണെന്ന് എംഎൽഎ പറഞ്ഞു.
ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളും ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ആരുടെയും പേരുകൾ ഉന്നയിക്കാതിരുന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും അദേഹം പറഞ്ഞു.
തുടർന്ന് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചുള്ള പ്രചരണങ്ങളിലേക്ക് കടന്നത് രാഷ്ട്രീയ ജീവിതം തകര്‍ക്കാൻ ലക്ഷ്യമിട്ടാണെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു.
ഇത് ബോധപൂർവവും രാഷ്ട്രീയ പ്രേരിതവുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും കെ.എന്‍. ഉണ്ണികൃഷ്ണന് കൂട്ടിച്ചേർത്തു.