കെ.ജെ. ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണം; സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി.സതീശൻ
Friday, September 19, 2025 2:22 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സിപിഎം പരിശോധിക്കട്ടെയെന്ന് വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെ അപവാദ പ്രചരണങ്ങൾക്ക് പിന്നിൽ യുഡിഎഫും കോൺഗ്രസുമാണെന്ന് കെ.ജെ. ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയാതെ ഇത്തരമൊരു പ്രചരണം നടക്കില്ലെന്നും ഷൈൻ വ്യക്തമാക്കിയിരുന്നു.
നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ലെന്ന് സതീശൻ പറഞ്ഞു.
ആരെന്ത് ചെയ്താലും, ഏത് പാർട്ടിക്കാരൻ ചെയ്താലും തന്റെ വീട്ടിലേക്ക് കാളയും കോഴിയുമായി എന്തിനാണ് പ്രകടനം നടത്തുന്നതെന്നും അദേഹം ചോദിച്ചു.
കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ല. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണമുണ്ടാകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.