ഏറ്റുമാനൂരിൽ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്സിന് ദാരുണാന്ത്യം
Friday, September 19, 2025 5:32 PM IST
കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്സ് ജിതിനാണ് മരിച്ചത്.
ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയെയുമായി എത്തിയ "108' ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി.