പാലായിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ
Friday, September 19, 2025 6:19 PM IST
പാലാ: കഴിഞ്ഞ ദിവസം പാലായിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിൽ കണ്ടെത്തി. മുക്കൂട്ടുതറ ഇടകടത്തി സ്വദേശി കിഴുകണ്ടയിൽ ജിത്തുവാണ് മരിച്ചത്.
ഞായറാഴ്ചയാണ് യുവാവിനെ പാലായിൽ നിന്നും കാണാതായെന്ന പരാതി ലഭിക്കുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഇന്ന് മീനച്ചിലാറിന്റെ കൈവഴിയിലെ ളാലം തോട്ടിൽ ഇഞ്ചമുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.