എന്‍.എം. വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും വേഗം തീർക്കുമെന്ന് സണ്ണി ജോസഫ്
Friday, September 19, 2025 6:53 PM IST
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍ ധാര്‍മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്.
സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തു. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് ബാധ്യത ഏറ്റെടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.