അപവാദ പ്രചരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം: കെ.എൻ. ഉണ്ണികൃഷ്ണൻ
Saturday, September 20, 2025 3:35 PM IST
കൊച്ചി: പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെയുള്ള അശ്ലീല പ്രചരണം ആദ്യം കണ്ടതെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ.
കെ.ജെ. ഷൈനിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ. പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നത്. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിയ്ക്കും പരാതി നൽകിയതായി അദേഹം പറഞ്ഞു.
അപവാദ പ്രചരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം. കെ.എം. ഷാജഹാൻ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലിൽ ഇത് അവതരിപ്പിച്ചു. തന്റെ പേര് വച്ച് പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചെന്നും എംഎൽഎ ആരോപിച്ചു.
തന്റെ നിരപരാധിത്വം അറിയിച്ച് ഫേസ്ബുക്കിൽ താൻ കുറിപ്പിട്ടു. എന്നാൽ തുടർന്നും സൈബർ ആക്രമണം വർധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. സൈബർ ആക്രമണത്തെ പ്രതിപക്ഷ നേതാവ് തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുയോ ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്ന കെ.എം. ഷാജഹാനോട് സഹതാപം മാത്രം. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ് ബോംബിന്റെ പിന്തുടർച്ചയാണെന്ന് കരുതേണ്ടിവരുമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.