വോട്ടർ പട്ടിക പരിഷ്കരണം; സ്വാഗതം ചെയ്ത് ബിജെപി
Saturday, September 20, 2025 5:16 PM IST
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ. വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
എസ്ഐആറിന്റെ ഉദ്ദേശശുദ്ധിയെ മറ്റു മുന്നണികൾ സംശയിക്കുന്നത് ശരിയല്ല. വോട്ടർ പട്ടിക പരിഷ്കരണം അത്യാവശ്യമാണ്. യോഗ്യതയുള്ള ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. യോഗ്യത ഇല്ലാത്ത ആളുകൾ പട്ടികയിൽ ഉൾപ്പെടാനും പാടില്ല.
2024ൽ വോട്ട് ചെയ്തു എന്നത് കൊണ്ട് ഇന്ത്യൻ പൗരൻ ആവില്ല. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുത്തു വേണം എസ്ഐആർ നടപ്പിലാക്കാൻ. വിയോജിപ്പുകളെ മാറ്റി എടുക്കാൻ കഴിയണം. അതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കണമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എൽഡിഎഫും യുഡിഎഫും നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ യോഗം വിളിച്ചത്.