മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാർ മാത്രം; അയ്യപ്പ സംഗമം പരാജയം: രമേശ് ചെന്നിത്തല
Saturday, September 20, 2025 7:14 PM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പന്പാതീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.
കസേരകൾ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും സ്ത്രീ പ്രവേശനത്തെ പറ്റി വാദിച്ച മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ഭക്തനാണോ? എങ്കിൽ പറയട്ടെ. ചെയ്ത കാര്യം തെറ്റായിപ്പോയി, മാപ്പാക്കണം, ഖേദം പ്രകടിപ്പിക്കുന്നു എന്നൊക്കെ പറയട്ടെയെന്നും ഭക്തരെ കബളിപ്പിക്കുന്ന ഏർപ്പാട് നിർത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.