അർഹിക്കുന്ന അംഗീകാരം; മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
Saturday, September 20, 2025 7:58 PM IST
തിരുവനന്തപുരം: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണ് മോഹൻലാലിന്റേത്.
അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
തലമുറകളെ പ്രചോദിപ്പിച്ച താരമാണ് മോഹൻലാൽ. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനു ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങളെന്നും സതീശൻ പറഞ്ഞു.