കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
Saturday, September 20, 2025 9:40 PM IST
ആലപ്പുഴ: കെട്ടുകാഴച നിർമാണത്തിനിടെ കാൽവഴുതി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കായംകുളത്തുണ്ടായ സംഭവത്തിൽ കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയിൽ രവീന്ദ്രൻ (52) ആണ് മരിച്ചത്.
കായംകുളം ടെക്സമോ ജംഗ്ഷനിൽ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിർമാണം നടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ രവീന്ദ്രനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.