സ്മൃതിയുടെ വെടിക്കെട്ട് പാഴായി; ഇന്ത്യ പൊരുതിത്തോറ്റു
Saturday, September 20, 2025 10:04 PM IST
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പര ഓസീസ് വനിതകൾ (2-1) സ്വന്തമാക്കി. നിർണായക മത്സരത്തിൽ ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ ഇന്ത്യൻ വനിതകള്‍ 43 റണ്‍സകലെ പൊരുതി വീണു.
ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ച സ്മൃതി മന്ദാനയുടെയും (63 പന്തില്‍ 125) അര്‍ധ സെഞ്ചുറികളുമായി പൊരുതിയ ദീപ്തി ശര്‍മയുടെയും (72) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (52) പോരാട്ടമാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്.
50 പന്തുകളിൽനിന്നാണ് സ്മൃതി സെഞ്ചുറിയിലെത്തിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു താരത്തിന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയാണിത്. 2013ൽ ഓസ്ട്രേലിയയ്ക്കെതിരെ 52 പന്തിൽ സെഞ്ചുറിയടിച്ച വിരാട് കോഹ്ലിയുടെ റിക്കാർഡാണ് സ്മൃതി തകർത്തത്.
വനിതാ ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണ് സ്മൃതി ന്യൂഡൽഹിയിൽ സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കി. സ്കോര്‍: ഓസ്ട്രേലിയ 412/10 (47.5) ഇന്ത്യ 369/10 (47). ഓസീസിനായി കിംം മക്ഗ്രാത്ത് മൂന്നും മെഗാൻ ഷട്ട് രണ്ടും വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ടി20 ശൈലിയിൽ ബാറ്റു വീശിയതോടെ ഇന്ത്യൻ ബോളർമാർ പ്രതിരോധത്തിലായിരുന്നു. 75 പന്തിൽ 138 റൺസടിച്ച ബെത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഓപ്പണർ ജോർജിയ വോൾ (68 പന്തിൽ 81), എലിസ് പെറി (72 പന്തിൽ 68) എന്നിവർ ഓസീസിനായി അർധ സെഞ്ചുറി നേടി
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി മൂന്നും രേണുക സിംഗ്, ദീപി ശർമ എന്നിവർ രണ്ടും ക്രാന്തി ഗൗഡിനും സ്നേഹ് റാണയും ഓരോ വിക്കറ്റും വീഴ്ത്തി. സ്മൃതി മന്ദാനയെ പരമ്പരയുടെ താരമായും ബെത് മൂണിയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.