ബന്ദികൾക്കു യാത്രാമൊഴിയേകി ഹമാസിന്റെ ഭീഷണിച്ചിത്രം
Saturday, September 20, 2025 11:25 PM IST
കയ്റോ: ഗാസയിൽ കസ്റ്റഡിയിലുള്ള 47 ഇസ്രേലി ബന്ദികളുടെ ചിത്രങ്ങൾ, യാത്രാമൊഴി സന്ദേശത്തിനൊപ്പം പുറത്തുവിട്ട് ഗാസയിലെ ഹമാസ് ഭീകരർ. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി ഇസ്രേലി സേന മുന്നോട്ടു പോകുന്നതിനിടയിലാണ് ഭീകരർ ഇത്തരമൊരു നടപടിക്കു മുതിർന്നത്.
47 ബന്ദികളുടെയും മുഖം ഉൾപ്പെടുന്ന ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. 1986ൽ ലബനീസ് ഭീകരരുടെ പിടിയിലായി എന്നനുമാനിക്കുന്ന ഇസ്രേലി വ്യോമസേനാ ഉദ്യോഗസ്ഥൻ റോൺ അരാദിന്റെ പേരാണ് എല്ലാ മുഖചിത്രങ്ങളുടെയും അടിയിൽ എഴുതിയിരിക്കുന്നത്. ഇതിനൊപ്പം ഒന്ന് മുതൽ 47 വരെ നന്പറുകളും നല്കിയിട്ടുണ്ട്. പിന്നീട് എന്തുപറ്റി എന്നറിയാത്ത റോൺ അരാദിന്റെ ഗതി ഗാസയിലെ ബന്ദികൾക്കു വരുമെന്ന് ഹമാസ് ഭീഷണി മുഴക്കി.
ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബന്ദി മോചനം ഉൾപ്പെടുന്ന വെടിനിർത്തൽ കരാർ തള്ളിക്കളഞ്ഞുവെന്നും ഇസ്രേലി സൈനിക മേധാവി ഇയാൽ സമീർ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ തയാറായി എന്നും പറയുന്നു.
ഇസ്രേലി ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ബന്ദികളെ ഗാസ സിറ്റിയുടെ പരിസരങ്ങളിലേക്കു മാറ്റുമെന്ന് ഹമാസിന്റെ സേനാ വിഭാഗമായ അൽ ഖ്വാസം ബ്രിഗേഡ് മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളെ കൊല്ലാൻ നെതന്യാഹു തീരുമാച്ച സാഹചര്യത്തിൽ ബന്ദികളുടെ ജീവനിൽ ഹമാസിന് ഉത്കണ്ഠയില്ല.
ഗാസ സിറ്റിയിലെ ഇസ്രേലി സൈനിക ഓപ്പറേഷൻ തുടങ്ങിയതോടെ ഒരു ബന്ദിയെപ്പോലും ജീവനോടെയോ മരിച്ചോ ലഭിക്കില്ല. എല്ലാവർക്കും റോൺ അരാദിന്റെ ഗതിയാണ് ഉണ്ടാവുകയെന്നും അൽഖ്വാസം ബ്രിഗേഡിന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു.
ഗാസയിൽ അവശേഷിക്കുന്ന 48 ഇസ്രേലി ബന്ദികളിൽ 20 പേർ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് അനുമാനം. ഇതിൽ രണ്ടുപേർ അത്യാസന്ന നിലയിലാണെന്നും സൂചനയുണ്ട്.