ഷനകയ്ക്ക് അർധസെഞ്ചുറി; ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം
Saturday, September 20, 2025 10:24 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തിൽ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദാസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ (64*) കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്.
കുശാൽ മെന്‍ഡിസ് (34) പാതും നിസങ്ക (22) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ 97/4 എന്ന നിലയിൽ തകർന്ന ലങ്കയെ ദാസുന്‍ ഷനകയുടെ കിടിലന്‍ ബാറ്റിംഗാണ് തുണച്ചത്. 37 പന്തില്‍ ആറു സിക്സും മൂന്നു ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചു. നിസങ്കയെ (22) വീഴ്ത്തിയ ടസ്കിന് അഹമ്മദാണ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
സ്കോര്‍ 50 കടന്നതിന് പിന്നാലെ കുശാല്‍ മെന്‍ഡിസിനെ (34) മെഹ്ദി ഹസന് വീഴ്ത്തി. പിന്നാലെ കാമില്‍ മിഷാറയും (അഞ്ച്) മടങ്ങിയതോടെ ലങ്ക പതറിയെങ്കിലും ഷനക ടീമിന്റെ രക്ഷകനാകുകയായിരുന്നു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ മൂന്നും മെഹ്ദി ഹസൻ രണ്ടും ടസ്കിന് അഹമദ് ഒരു വിക്കറ്റും വീഴ്ത്തി.