തിരുമല അനിലിന്റെ മരണം; പുറത്തുവരുന്ന കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി വി. ശിവൻകുട്ടി
Monday, September 22, 2025 11:16 AM IST
തിരുവനന്തപുരം: തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട്പുറത്തുവരുന്ന കാര്യങ്ങള്‍ ഗൗരവതരമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
പുറത്തുവന്ന അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഒരിടത്തും പോലീസ് ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് പറയുന്നില്ല. സ്വന്തം പാര്ട്ടിക്കാര് ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ പറഞ്ഞെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അനില്‍ വെറും കൗണ്‍സിലര്‍ മാത്രമല്ല, ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന നേതാവാണ്. ഈ വിഷയത്തില്‍ ആര്‍എസ്എസ് പ്രതികരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ആരാണ് കാശ് എടുത്തതെന്ന് കൃത്യമായി അറിയാന്‍ കഴിയും. കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികള്‍. അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.
പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആര്‍ക്കും പറയാലോ?. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ എവിടെയെങ്കിലും പോലീസ് എന്നുപറയുന്നുണ്ടോ?. ബിജെപി പ്രവര്‍ത്തകര്‍ സഹായിച്ചില്ലെന്ന് മാത്രമാണ് അതില്‍ പറയുന്നത്.
രാജീവ് ചന്ദ്രശേഖറിനെയും കരമന ജയനെയും അനിലിന്റെ ഭാര്യ കണ്ടപ്പോള്‍ നിങ്ങളെയൊക്കെ ചേട്ടന് അന്നുവന്ന് കണ്ടതല്ലേ എന്ന് വളരെ രോഷത്തോടൈ അവര്‍ പറയുന്നുണ്ടായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകാത്ത രീതിയില്‍ വിഭ്രാന്തിയിലാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി.
എന്തു പണിയെടുത്താലും തിരുവനന്തപുരം കോര്പ്പറേഷന് ബിജെപിക്ക് പിടിക്കാനാകില്ലെന്ന ഉപദേശം താന്‍ നല്‍കുകയാണ്. സ്വന്തം മകളുടെ പ്രായത്തിലുള്ള മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ നീ എന്നൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്. അത് വളരെ തരംതാണ രീതിയിലായിപ്പോയി.
അവര്‍ അവരുടെ ജോലി ചെയ്യുന്നു. അക്കാര്യത്തില്‍ അദ്ദേഹം പരസ്യമായി മാപ്പുപറയണം. ഭീഷണിയുടെ സ്വരത്തിലാണ് എപ്പോഴും സംസാരിക്കുക. ഇത് കേരളമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സംസാരം കേള്‍ക്കുമ്പോള്‍ തോന്നുന്നത്. ഇനിയെങ്കിലും അത് ബോധ്യപ്പെടണം. മറ്റ് സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ കഴിയും. ഇവിടെ നടക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.