മലപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി നാഗവിഗ്രഹങ്ങൾ
Monday, September 22, 2025 2:40 PM IST
മലപ്പുറം: ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്ക് കടലിൽ നിന്നു പിച്ചളയിൽ തീർത്ത നാഗവിഗ്രഹങ്ങൾ കിട്ടി. ഞായറാഴ്ച മീൻ പിടിക്കുന്നതിനിടെ പുതിയ കടപ്പുറത്തെ ചക്കച്ചന്റെ പുരക്കൽ റസാക്കിനാണ് രണ്ട് വിഗ്രഹങ്ങൾ കിട്ടിയത്.
മത്സ്യബന്ധനത്തിനായി വല വീശിയപ്പോൾ പിച്ചള നിറമുള്ള ഇവ വലയിൽ കുടുങ്ങുകയായിരുന്നു. ചെറുതും വലുതുമായ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാം തൂക്കം വരും. റസാക്ക് ഉടൻ തന്നെ വിഗ്രഹങ്ങള്‍ പോലീസിൽ ഏൽപ്പിച്ചു.
വിഗ്രഹങ്ങൾ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി പി. പ്രമോദ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.