വിമാനയാത്രക്കിടെ യാത്രക്കാരൻ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചു; വിമാനത്തിൽ നാടകീയ സംഭവങ്ങൾ
Monday, September 22, 2025 3:08 PM IST
ബംഗളൂരു: വിമാനയാത്രക്കിടെ യാത്രക്കാരൻ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. ബംഗളൂരുവിൽ നിന്ന് വാരണസിയിലേക്കുള്ള യാത്രക്കിടെ ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
കോക്പിറ്റ് മേഖലയിൽ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറന്നില്ല. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയിൽ ലാൻഡ് ചെയ്തത്.