തിരുമല അനിലിന്റെ മരണം; കാരണക്കാർ സിപിഎമ്മും പോലീസുമെന്ന് വി. മുരളീധരൻ
Monday, September 22, 2025 3:14 PM IST
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബിജെപിയാണ് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പില്‍ അനില്‍ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണ്. മരണത്തിലെ സത്യാവസ്ഥ പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഎമ്മിന്റെ കോര്പ്പറേഷന് ഭരണത്തിലും സംസ്ഥാന ഭരണത്തിലുമുള്ള അഴിമതിക്കഥകള്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.
അതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അനിലിന്റെ മരണം. രാഷ്ട്രീയ വേട്ട സിപിഎം അവസാനിപ്പിക്കണം. അനിലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ച് അന്വേഷണം വേണം- അദ്ദേഹം പറഞ്ഞു.
സഹകരണ സംഘത്തില്‍നിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആള്‍ക്കാരാകും. അവര്‍ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്.
നമ്മുടെ ആളുകള്‍ എന്ന് അനില്‍ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരന് പറഞ്ഞു. കരുവന്നൂരില്‍ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല. ഇവിടെ ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം ആരാഞ്ഞു.