ബന്ദികളെ തിരികെയെത്തിക്കും; ഹമാസിനെ ഇല്ലാതാക്കും: നെതന്യാഹു
Monday, September 22, 2025 8:24 PM IST
ജറുസലേം: ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ സൈനിക നടപടികൾ തുടരും. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടും.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. അതേസമയം ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണ്.
ഹമാസ് നേവൽ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇയാദ് അബു യൂസഫിനെ വധിച്ചെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുകെ ഉൾപ്പടെ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.