പരിക്ക് ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ പന്തിനെ ഉൾപ്പെടുത്തിയേക്കില്ല
Monday, September 22, 2025 10:12 PM IST
ബംഗളൂരു: പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തിയേക്കില്ലെന്ന് സൂചന. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ കാലിനു പരിക്കേറ്റ പന്ത് വിശ്രമത്തിലാണ്. പന്തിന്റെ അഭാവത്തിൽ ധ്രുവ് ജൂറെൽ ടീമിലെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഒക്ടോബർ രണ്ടിനു തുടക്കമാകും. ടീമിനെ തെരഞ്ഞെടുക്കുന്നതിനായി അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 24 ന് യോഗം ചേരും.
ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ദുബായിലാണ്. ഇവർ ഓൺലൈനായിട്ടായിരിക്കും സെലക്ഷൻ കമ്മിറ്റിയിൽ പങ്കെടുക്കുക.
വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 19 മുതൽ ഇന്ത്യ ഓസ്ട്രേലിയായിൽ പര്യടനം നടത്തും.