പലസ്തീന് പിന്തുണ വർധിക്കുന്നു ; വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ ഇസ്രയേൽ ആലോചിക്കുന്നതായി റിപ്പോർട്ട്
Monday, September 22, 2025 11:31 PM IST
ന്യൂയോർക്ക്: പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതിനു പ്രതികാരമായി വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രയേലിനോടു കൂട്ടിച്ചേർക്കുന്നകാര്യം ഇസ്രേലി സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പലസ്തീൻ രാഷ്ട്ര രൂപീകരണ ശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ നേതൃത്വം നല്കുന്ന ഫ്രാൻസിനെതിരേ നയതന്ത്ര നടപടികളും ഇസ്രേലി ഭരണകൂടത്തിന്റെ ആലോചനയിലുണ്ട്.
ഇതിനിടെ, ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കാനായി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ഇന്നലെ യുഎന്നിൽ പ്രത്യേക ഉച്ചകോടി ചേർന്നു. ഫ്രാൻസും ബെൽജിയവും അടക്കം അഞ്ച് രാജ്യങ്ങൾകൂടി പലസ്തീന്റെ രാഷ്ട്രപദവി ഉച്ചകോടിയിൽ അംഗീകരിക്കുമെന്നാണു റിപ്പോർട്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലീയ എന്നീ പാശ്ചാത്യ ശക്തികളും പോർച്ചുഗലും ഞായറാഴ്ച പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
അമേരിക്ക വീസ നിഷേധിച്ചതുമൂലം വെസ്റ്റ് ബാക്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് അടക്കമുള്ള പലസ്തീൻ നേതാക്കൾക്ക് ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഇസ്രേലി ഭരണകൂടം അന്താരാഷ്ട്രസമ്മർദങ്ങളെ അതിജീവിച്ച് ഗാസയിൽ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിലാണു പാശ്ചാത്യശക്തികളുടെ നീക്കം. ഗാസയിൽ വംശീയ ഉന്മൂലനം നടക്കുന്നുണ്ടെന്നും ഗാസയിലെ പല പ്രദേശങ്ങളും ക്ഷാമത്തിലാണെന്നുമുള്ള വാദങ്ങൾ ഇസ്രയേൽ അംഗീകരിക്കുന്നില്ല.
പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കൽ ഹമാസ് ഭീകരർക്കുള്ള പാരിതോഷികമാണെന്നും പലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ അനുവദിക്കില്ലെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കുന്നകാര്യം നെതന്യാഹു ഭരണകൂടം പരിഗണിക്കുന്നതായ റിപ്പോർട്ടുകൾ. ഇത്തരമൊരു നീക്കം ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന അഭിപ്രായം ശക്തമാണ്.
ട്രംപിന്റെ ഒന്നാം ഭരണകാലത്തെ ഏബ്രഹാം ഉടന്പടി പ്രകാരം ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ച യുഎഇ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ ചുവപ്പുവരയുടെ ലംഘനമായിരിക്കുമെന്നു മുന്നറിയിപ്പു നല്കിക്കഴിഞ്ഞു.