നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Tuesday, September 23, 2025 10:37 PM IST
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് കടയ്ക്കാവൂരിലുണ്ടായ അപകടത്തിൽ എസ്പി ബി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ജെ.പി.സഖീയാണ് മരിച്ചത്.
പിടിഎ മീറ്റിംഗ് കഴിഞ്ഞ് അച്ഛനും അമ്മയ്ക്കുമൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിൽ വെച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് നായ ചാടിയതോടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു.
ഓട്ടോ മറിഞ്ഞു കുട്ടിയുടെ പുറത്തു വീണതാണ് മരണത്തിനിടയാക്കിയത്. അപകടത്തിൽ കുട്ടിയുടെ അച്ഛൻ ജോൺപോളിനും അമ്മ പ്രഭന്ധ്യയ്ക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.