സിയാല്‍ പണിയുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും
Thursday, September 25, 2025 7:33 AM IST
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടു സിയാല്‍ നിര്‍മിച്ച് നല്കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും. 40 കോടി രൂപ ചെലവിലാണ് പാലങ്ങളുടെ നിര്‍മാണം.
ഇന്ന് കല്ലുംകൂട്ടത്ത് മന്ത്രി. പി രാജീവ് എയര്‍പോര്‍ട്ട് റിംഗ് റോഡ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂര്‍ പഞ്ചായത്തില്‍ ആറാം ഗേറ്റ് മുതല്‍ കല്ലുംകൂട്ടം വരെയാണ് റിംഗ് റോഡ് നിലവില്‍വരുന്നത്. വിമാനത്താവളത്തിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന റിംഗ് റോഡിന്റെ ആദ്യ ഘട്ടമാണിത്.
പുളിയാമ്പിള്ളി, മഠത്തിമൂല, ചൊവ്വര എന്നിവിടങ്ങളിലാണ് മൂന്ന് പാലങ്ങള്‍ നിര്‍മിക്കാന്‍ സിയാല്‍ പദ്ധതിയിടുന്നത്. 27ന് വൈകിട്ട് 3.15ന് സിയാല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് നിര്‍മാണോദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.
തുറവുങ്കര-പിരാരൂര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് 200 മീറ്റർ നീളത്തില്‍ പുളിയാമ്പിള്ളി പാലം വരുന്നത്. 177 മീറ്റര്‍ നീളമുള്ള മഠത്തിമൂല പാലം കപ്രശേരി വെസ്റ്റ് - പുറയാര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ചൊവ്വര - നെടുവന്നൂര്‍ സൗത്ത് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചൊവ്വര പാലത്തിന്റെ നീളം 114 മീറ്ററാണ്.