ഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് കസ്റ്റംസ്
Thursday, September 25, 2025 11:04 AM IST
കൊച്ചി: ഭൂട്ടാനില്‍ നിന്നു നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ച ആഡംബര കാറുകള്‍ കണ്ടെത്താൻ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും.
വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില്‍ ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി താരത്തിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ലെന്ന് അമിത് ചക്കാലയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ നിലവില്‍ ദുല്‍ഖറുമായും പ്രൃഥ്വിരാജുമായും ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു.
തന്റെ ഗരേജില്‍ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാര്‍ട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള പണികൾ നടത്താറുണ്ട്. കൊയമ്പത്തൂര് സംഘത്തില്‍ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് വില്‍ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.