എന്‍എസ്എസുമായി ഭിന്നതയില്ല; എല്ലാവരോടും ഒരേ നിലപാട്: വി.ഡി. സതീശന്
Thursday, September 25, 2025 12:23 PM IST
തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ? യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചോ എന്നും വി.ഡി. സതീശന് ചോദിച്ചു.
അയ്യപ്പസംഗമത്തിന്റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എന്‍. വാസവന്റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.