വിവാദങ്ങൾക്കൊടുവിൽ രാജി; വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പുറത്തേക്ക്
Thursday, September 25, 2025 1:06 PM IST
കല്‍പ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന് രാജിവച്ചു. എൻ.എം. വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകൾ ഉൾപ്പെടെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.
അടുത്തിടെ, വയനാട് എംപി പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ.ഡി. അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ, പ്രിയങ്കയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
അതേസമയം കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ.ഡി. അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകും. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ. ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.