സമയമാകുമ്പോൾ തെളിവുകള്‍ പുറത്തുവിടും; ഷാഫി നിയമപരമായി പോകട്ടെ: ഇ.എൻ. സുരേഷ് ബാബു
Thursday, September 25, 2025 3:44 PM IST
പാലക്കാട്: ലൈംഗിക ആരോപണ വിവാദത്തിൽ ഷാഫി പറമ്പിൽ എംഎൽഎയെ വെല്ലുവിളിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയാറെന്നും സുരേഷ് ബാബു പറഞ്ഞു.
താൻ ഉന്നയിച്ച വിഷയം ഷാഫി തന്നെ ഏറ്റെടുത്തു. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുകയും ചെയ്യുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.
സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് പ്രതികരിച്ച ഷാഫി ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും പറഞ്ഞു.
ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം? ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. സുരേഷ് ബാബുവിന്റെ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി വ്യക്തമാക്കി.