ചങ്ങലയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അംഗപരിമിതന്റേത്; നെഞ്ചിലെ മുറിവ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Thursday, September 25, 2025 3:58 PM IST
കൊല്ലം: പുനലൂർ മുക്കടവിൽ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അംഗപരിമിതന്റേതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ കഴുത്തിൽ ഒരു സ്വർണമാലയും കണ്ടെത്തി. ബുധനാഴ്ചയും വിരലടയാള വിദഗ്ധരും ഉന്നത പോലീസുദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ തെളിവുകൾ കണ്ടെത്താനായില്ല.
നെഞ്ചിൽ ആഴത്തിലേറ്റ മുറിവ് മരണകാരണമെന്നും പോലീസ് പറഞ്ഞു. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആളുകേറാമലയും റബർ തോട്ടവും വ്യക്തമായി അറിയാവുന്ന ആളുകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒന്നിലധികം ആളുകൾ കൊലയ്ക്ക് പിന്നിൽ ഉണ്ടെന്നും സംശയിക്കുന്നു. ആസിഡോ പെട്രോളോ ഒഴിച്ച് തലയ്ക്കു താഴെ പൊള്ളലേൽപ്പിച്ചതിന്റെ ലക്ഷണമുണ്ട്.
കേസിന്റെ അന്വേഷണ ചുമതല പുനലൂർ പോലീസ് സബ്ഡിവിഷൻ തലത്തിൽ രൂപീകരിക്കുന്ന സംഘത്തിന് കൈമാറുമെന്ന് സംഭവസ്ഥലം സന്ദർശിച്ച റൂറൽ എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു.