എന്‍.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോണ്‍ഗ്രസ്
Thursday, September 25, 2025 4:17 PM IST
വയനാട്: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോണ്‍ഗ്രസ്.
വിജയന്റെ മകനും മരുമകളും ആധാരം ഏറ്റുവാങ്ങി. ബത്തേരി അര്‍ബന്‍ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപ കോൺഗ്രസ് ബുധനാഴ്ച അടച്ചിരുന്നു. ബാങ്കിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നാണ് ആധാരം അധികൃതര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയത്.
എഗ്രിമെന്റ് പ്രകാരമുള്ള വാക്ക് കോണ്‍ഗ്രസ് പാലിച്ചെന്ന് മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് മുന്‍പായി ബാധ്യത അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് ആദ്യം തള്ളിപ്പറഞ്ഞപ്പോഴും പിന്നീട് ചേര്‍ത്തുപിടിച്ചപ്പോഴും അതിന് കൂടെ നിന്നവരാണ് തങ്ങളെന്ന് മരുമകള്‍ പത്മജ പറഞ്ഞു.
അന്‍പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്. എന്നിട്ടും അവര്‍ വീട്ടില്‍ വന്നപ്പോള്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. നിരന്തരമായി അവഗണനയും ആക്ഷേപവുമാണ് തങ്ങള്‍ക്ക് കിട്ടിയിരുന്നത്. കാല് ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ഒരമ്മ ചെയ്ത കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും പത്മജ പറഞ്ഞു.
സൈബര്‍ ആക്രമണത്തിലൂടെ തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബാക്കിയുള്ള കടം വീട്ടണം. ഞങ്ങള്‍ക്ക് ജീവിച്ചേ പറ്റുകയുള്ളു. അതിനുവേണ്ടി പോരാടും. അവര്‍ക്ക് അതേ ചെയ്യാന്‍ കഴിയൂ എന്നാണ് പറഞ്ഞു.
പാര്‍ട്ടി വരുത്തിവച്ച കടം ഇതാണ്. ബാക്കി കടങ്ങള്‍ അച്ഛന്റെ പേഴ്സണല്‍ കടങ്ങളാകാം. പാര്‍ട്ടി വരുത്തിവച്ച കടം അവര്‍ തീര്‍ത്തുതന്നു. രണ്ടരക്കോടിയുടെ ബാധ്യത തീര്‍ക്കാമെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് കെപിസിസിയുടെ ഫണ്ട് ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്നുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം പറഞ്ഞ തുക തന്നു.
ഡിസിസി പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് രാഷ്ട്രീയമായി പറയാന്‍ താന്‍ ആളല്ല. അന്നും ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയല്ല. വ്യക്തിപരമായി പറയുകയാണെങ്കില്‍ കര്‍മ എന്നൊന്നുണ്ട്. അച്ഛന് മരിച്ചതില്‍ രണ്ടാമത്തെ പ്രതിയാണ് അയാള്‍-പത്മജ പറഞ്ഞു.