എയിംസ് എവിടെയെന്ന് തീരുമാനിക്കുന്നത് കേന്ദ്രം; സുരേഷ് ഗോപിയെ തള്ളി എം.ടി.രമേശ്
Thursday, September 25, 2025 4:41 PM IST
കാസർഗോഡ്: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. കേരളത്തിൽ എയിംസ് വേണമെന്നാണ് ബിജെപിയുടെ നിലപാട്.
ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ല. ഏത് ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യും. എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്.
തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അതിൽ തെറ്റില്ല. എന്നാൽ അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകൾക്കല്ല എയിംസ് നൽകുന്നത്. കേരളത്തിനാണ്.
ജില്ലാ കമ്മിറ്റികൾ സ്വന്തം ജില്ലയിൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. കേരളത്തിന് അവകാശപ്പെട്ട എയിംസ് കേരളത്തിന് തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.