"ബാ**ഡ്സ് ഓഫ് ബോളിവുഡ്'; മാനനഷ്ടക്കേസ് ഫയൽചെയ്ത് സമീർ വാങ്കഡെ
Thursday, September 25, 2025 5:00 PM IST
മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനും നെറ്റ്ഫ്ലിക്സിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നാർകോട്ടിക് മുൻ ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡെ.
ഷരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാന ചെയ്ത "ബാ**ഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരിസിൽ തന്റെ പ്രതിച്ഛായയെ തകർക്കാൻ ഉദേശിച്ചുള്ള തെറ്റായതും, അപകീർത്തികരവുമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചാണ് സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം കേസ് നൽകിയത്. നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ട് കോടി രൂപ കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ഹർജിയിൽ പറയുന്നത്.
2021 ഒക്ടോബർ മൂന്നിനാണ് ക്രൂയിസ് കപ്പലിൽ വച്ച് ആര്യൻ ഖാൻ, അയാസ് മർച്ചന്റ്, മുൻമുൻ ധമേച്ച തുടങ്ങിയവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്, നിരോധിത മരുന്നുകൾ കൈവശം വയ്ക്കൽ, ഉപഭോഗം, വിൽപ്പന, വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു നടപടി. കേസിൽ ഇരുപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ 25 ദിവസങ്ങൾ ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.