ഒമാനെ വീഴ്ത്തി; ആവേശപ്പോരില്‍ കേരളത്തിന് ജയം
Thursday, September 25, 2025 5:39 PM IST
മസ്ക്കറ്റ്: ഒമാനെതിരായ രണ്ടാം ടി20യിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഒരു റൺസിനാണ് കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻ ഇലവന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുക്കാനായത്. 42 പന്തുകളിൽ നിന്ന് 59 റൺസെടുത്ത കൃഷ്ണപ്രസാദാണ് കേരളത്തിന്റെ ടോപ് സ്കോറർ. വിഷ്ണു വിനോദ് (30), അഖിൽ സ്കറിയ (20), എ.കെ.അർജുൻ (17) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ചെയർമാൻ ഇലവന് വേണ്ടി ജിതൻകുമാർ രാമനന്ദി മൂന്ന് വിക്കറ്റ് വീഴ്ത്തി. 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസ് നേടിയ വിനായകാണ് ഒമാന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ മൂന്നും സാലി വിശ്വനാഥും കെ.എം. ആസിഫും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.