ഡി.രാജ ജനറൽ സെക്രട്ടറിയായി തുടരും; എതിർത്ത് കേരളാ ഘടകം
Thursday, September 25, 2025 6:53 PM IST
ചണ്ഡിഗഡ്: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെരഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നല്‍കിയാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
കേരളം, തമിഴ്നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങളാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പാർട്ടി കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആര്.ലതാദേവി, വി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്.
പ്രായപരിധി മാനദണ്ഡം കര്‍ശനമാക്കിയതോടെ കേരളത്തില്‍ തന്നെ നിരവധി പേരാണ് ഒഴിവാക്കപ്പെട്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മൂന്നര മണിക്കൂർ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്കാന് തീരുമാനമായത്.
കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു.
എഴുപത്തിയാറുകാരനായ ഡി.രാജ തമിഴ്നാട്ടില്‍ നിന്നുള്ള ദളിത് നേതാവാണ്. ഓള് ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാജ രാഷ്ട്രീയത്തിലേക്ക് എത്തിയത്.1975 മുതല്‍ 1980 വരെ ഓള് ഇന്ത്യ യൂത്ത് ഫെഡറേഷന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.
1985 മുതല്‍ 1990 വരെ ഓള് ഇന്ത്യ യൂത്ത് ഫെഡറേഷന് ദേശീയ കൗണ്‍സിൽ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1994 മുതല്‍ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007ലും 2013ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു.
2019 ജൂലൈയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എസ്.സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി പദവിലെത്തിയത്. 2022 ല്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.