തിരുവോണം ബംപര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് 27ന്
Thursday, September 25, 2025 8:29 PM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് 27ന് നടക്കും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് നടക്കുന്ന 27ന് ഉച്ചകഴിഞ്ഞു രണ്ടുവരെ ടിക്കറ്റുകള്‍ വാങ്ങാം.
പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു.
കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപര്‍ ടിക്കറ്റുകളാണ് വിൽപ്പന നടന്നത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.
നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.