പശ്ചിമബംഗാളിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകൾ തകർത്തു
Thursday, September 25, 2025 10:01 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകൾ തകർക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം.
പ്രാദേശിക ബിജെപി ഓഫീസിന് സമീപമായിരുന്നു പ്രതിമകൾ സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രവർത്തകർ അസൻസോൾ-പുരുലിയ സംസ്ഥാന പാത ഉപരോധിച്ചു. ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിമ നശിപ്പിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സംഭവത്തിൽ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ പിടികൂടുമെന്നും പ്രതിമകൾ പുനഃസ്ഥാപിക്കുമെന്നും പോലീസ് ഉറപ്പ് നൽകി. ഇതേതുടർന്ന് പ്രവർത്തകർ റോഡ് ഉപരോധം പിൻവലിച്ചു.
"കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവം ഉണ്ടായി. 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികൾക്കെതിരെ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ, ഞങ്ങൾ കുൽത്തി പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തും'-കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദേബേഷ് ചക്രവർത്തി പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി രംഗത്തെത്തി. "നശിപ്പിക്കുന്നതല്ല, പണിയുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്' എന്ന് പ്രാദേശിക ബിജെപി നേതാവ് അഭിജിത് ആചാര്യ പറഞ്ഞു.