പി.പി.ദിവ്യയ്ക്കെതിരായ വിജിലൻസ് അന്വേഷണം; സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി
Thursday, September 25, 2025 10:01 PM IST
കൊച്ചി: ബെനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി. രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കണ്ണൂരിലെ കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ ഹര്‍ജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഹര്ജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി.ദിവ്യ കാര്‍ട്ടണ്‍ ഇന്ത്യ അലിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബെനാമി കമ്പനി ആരംഭിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിലെ നിര്‍മാണ കരാറുകള്‍ നല്‍കിയെന്നും അഴിമതി ഉണ്ടെന്നുമായിരുന്നു ആക്ഷേപം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണെന്നാണ് കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ദിവ്യ പ്രസിഡന്റായിരിക്കെ 11 കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു.
കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും ദിവ്യയുടെ ഭർത്താവും ചേർന്നാണ് ഭൂമി ഇടപാടുകൾ നടത്തിയത്. കണ്ണൂർ പാലക്കയം തട്ടിൽ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.