ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്
Friday, September 26, 2025 12:34 AM IST
പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ആനക്കര മേലേഴിയം എൽപി സ്കൂളിലെ അധ്യാപകനും കൂറ്റനാട് തൊഴുക്കാട് സ്വദേശിയുമായ കള്ളിവളപ്പിൽ പ്രകാശിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഫേല്ബുക്കിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച സംഭവത്തിൽ ചാലിശേരി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 22ന് ആണ് ശ്രീനാരായണ ഗുരുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഇതേ തുടർന്ന് എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പു നൽകിയ പരാതിയിലാണ് ചാലിശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചാലിശേരി പോലീസ് അറിയിച്ചു.