എക്കാലവും പലസ്തീനൊപ്പംനിന്ന രാജ്യമാണ് ഇന്ത്യയെന്നു പലസ്തീൻ അംബാസഡർ
Friday, September 26, 2025 12:50 AM IST
കൊച്ചി: എക്കാലവും പലസ്തീനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യയെന്നും നിലവിൽ രാജ്യം ഭരിക്കുന്ന സർക്കാരും പലസ്തീനൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ്. കൊച്ചി മറൈൻ ഡ്രൈവിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു ദിവസം മുന്പ് ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ പലസ്തീന് അനുകൂലമായി വോട്ടു ചെയ്തതിനെ പലസ്തീൻ അംബാസഡർ എടുത്തു പറഞ്ഞു. പലസ്തീനിൽ ആശുപത്രി ഉൾപ്പെടെ ഒട്ടേറെ പദ്ധതികളിൽ ഇന്ത്യ സഹായിക്കുന്നുണ്ടെന്നും എല്ലായ്പ്പോഴും പലസ്തീനെ കേൾക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്നും സമ്മേളന ശേഷം പലസ്തീൻ അംബാസഡർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ഇടപാടുകളിൽ പലസ്തീൻ ഇടപെടേണ്ട കാര്യമില്ലെന്നും യുഎന്നിലും ഒപ്പം പലസ്തീനിലും ഇന്ത്യ നൽകുന്ന പിന്തുണയാണ് തങ്ങൾക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.