വടക്കഞ്ചേരിയിൽ മൂന്നംഗ സംഘം വ്യാപാരിയെ കടയിൽ കയറി മർദിച്ചു
Friday, September 26, 2025 1:17 AM IST
പാലക്കാട്: വടക്കഞ്ചേരിയിൽ മൂന്നംഗ സംഘം വ്യാപാരിയെ കടയിൽ കയറി മർദിച്ചു. കിഴക്കഞ്ചേരി സ്വദേശി മുരളിയ്ക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുരളിയുടെ കടയിൽ ഉപകരണങ്ങൾ നന്നാക്കാനെന്ന വ്യാജേനയാണ് മൂന്നംഗ സംഘമെത്തിയത്.
പിന്നാലെ മുരളിയെ അക്രമികൾ കടയിൽ നിന്ന് വലിച്ചിറക്കി ഇരുമ്പ് കമ്പിയും, ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിക്കൂടിയതോടെ അക്രമികൾ കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മുരളിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മർദിച്ചവരെ അറിയില്ലെന്നാണ് മുരളി പോലീസിന് നൽകിയ മൊഴി. അതേസമയം, മുരളിയും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നതായും ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നും മൊഴി നൽകിയിട്ടുണ്ട്.
ഇതേ തുടർന്ന് മുരളിയുടെ ഭാര്യ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു. അക്രമികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് കൂട്ടിച്ചേർത്തു.