ഭൂട്ടാൻ വാഹനക്കടത്ത്; അമിത് ചക്കാലയ്ക്കലും കോയമ്പത്തൂർ സംഘവുമായുള്ള പണമിടപാടുകൾ പരിശോധിച്ച് കസ്റ്റംസ്
Friday, September 26, 2025 2:16 AM IST
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടൻ അമിത് ചക്കാലയ്ക്കലും കോയമ്പത്തൂർ സംഘവുമായുള്ള പണമിടപാടുകൾ അടക്കം വിശദമായി പരിശോധിച്ച് കസ്റ്റംസ്. അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും എന്നാണ് വിവരം.
കാറുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അമിത്തിനെ വാഹനങ്ങൾ ഏൽപ്പിച്ചവർ നൽകിയ രേഖകളും പരിശോധിക്കുന്നുണ്ട്. ലഭ്യമായ എല്ലാ രേഖകളും പരിശോധിച്ചു വരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. 10 ദിവസമാണ് വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നൽകിയിരിക്കുന്നത്.
ഭൂട്ടാനിൽനിന്ന് കടത്തിയതെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങളാണ് അമിത്തിൽനിന്ന് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. എന്നാൽ തന്റേത് ഒരു വാഹനം മാത്രമേയുള്ളൂ എന്നും ബാക്കിയുള്ളവ തന്റെ ഗാരേജിൽ വിവിധ മോടിപിടിപ്പിക്കലുകൾക്കായി കൊണ്ടുവന്നവയാണെന്നുമാണ് അമിത്ത് പറഞ്ഞിരിക്കുന്നത്.
ഇന്നലെ കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ അരുണാചൽ പ്രദേശ് രജിസ്ട്രേഷനുള്ള ലാന്‍ഡ് ക്രൂസർ ഭൂട്ടാൻ വാഹനക്കടത്തിൽ നിർണായക വിവരം തരുമെന്നാണ് കസ്റ്റംസ് കരുതുന്നത്.
കഴിഞ്ഞ നവംബറിൽ തന്റെ ഗാരേജ് കസ്റ്റംസ് പരിശോധിച്ചിരുന്നെന്ന് അമിത്ത് വെളിപ്പെടുത്തിയിരുന്നു. പഴക്കമേറിയ പല വാഹനങ്ങളുടെയും സ്പെയർപാർട്സുകൾ ഇത്തരം ജോലികൾ ചെയ്യുന്ന വർ വാങ്ങുന്നത് കോയമ്പത്തൂരിൽനിന്നാണെന്നും അക്കാര്യം താൻ കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നുവെന്നും അമിത് പറഞ്ഞിരുന്നു.