ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ഐ​യ്ക്ക് സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബ​സ​ൻ​പീ​ർ ജൂ​നി സ്വ​ദേ​ശി​യാ​യ ഹാ​നി​ഫ് ഖാ​ൻ(47) ആ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ സി​ഐ​ഡി യൂ​ണി​റ്റാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന് പ്ര​തി ഐ​എ​സ്ഐ​യി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ​തി​ന്‍റെ തെ​ളി​വു​ക​ളും രാ​ജ​സ്ഥാ​ൻ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ സി​ഐ​ഡി വി​ഭാ​ഗ​ത്തി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സി​ഐ​ഡി ഐ​ജി ഡോ. ​വി​ഷ്ണു​കാ​ന്ത് പ​റ​ഞ്ഞു. ഹാ​നി​ഫ് ഖാ​ൻ പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​മാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ഇ​യാ​ൾ സൈ​ന്യ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യ്ക്ക് കൈ​മാ​റി​യ​താ​യും രാ​ജ​സ്ഥാ​ൻ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.