സൈനിക നീക്കങ്ങൾ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി; രാജസ്ഥാനിൽ ഒരാൾ പിടിയിൽ
Friday, September 26, 2025 2:40 AM IST
ജയ്പുർ: രാജസ്ഥാനിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് സൈനിക നീക്കങ്ങൾ ഉൾപ്പെടെ നിർണായക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബസൻപീർ ജൂനി സ്വദേശിയായ ഹാനിഫ് ഖാൻ(47) ആണ് പിടിയിലായത്.
രാജസ്ഥാൻ പോലീസിന്റെ സിഐഡി യൂണിറ്റാണ് പ്രതിയെ പിടികൂടിയത്. വിവരങ്ങൾ ചോർത്തി നൽകിയതിന് പ്രതി ഐഎസ്ഐയിൽ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകളും രാജസ്ഥാൻ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ സിഐഡി വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്ന് സിഐഡി ഐജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു. ഹാനിഫ് ഖാൻ പാക് രഹസ്യാന്വേഷണ ഏജൻസിയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ ഇത്തരത്തിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് കൈമാറിയതായും രാജസ്ഥാൻ പോലീസ് വ്യക്തമാക്കി.