കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
Friday, September 26, 2025 3:11 AM IST
റാഞ്ചി: ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. 2019ൽ ജാർഖണ്ഡിൽ ചുന്നു മാഞ്ചി എന്ന യുവാവാണ് കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയത്.
കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു സ്ഥലം വിൽക്കുകയും അതിൽനിന്നു ലഭിച്ച പണം നാല് സഹോദരന്മാർക്കായി വീതിക്കുകയും ചെയ്തു. എന്നാൽ വീതിച്ച പണത്തിൽ ഏറ്റവും കുറവ് ലഭിച്ചത് തനിക്കാണെന്നാണ് ചുന്നു മാഞ്ചി കരുതിയിരുന്നത്. തുടർന്ന് സഹോദരൻ രവിയെയും ഭാര്യ കൽപ്പനയെയും അവരുടെ മൂന്നു മക്കളെയും കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മറ്റൊരു സഹോദരനായ സിദ്ധുവിന്റെ വീട്ടിലേക്ക് കോടാലിയുമായി ചെല്ലുകയും മാതാവിനെ ആക്രമിക്കുകയും ചെയ്തു. പോലീസ് എത്തി സംഭവസ്ഥലത്തു തന്നെ ചുന്നു മാഞ്ചിയെ അറസ്റ്റ് ചെയ്തു. കേസിനെ അപൂർവങ്ങളിൽ അപൂർവം എന്ന് കണക്കാക്കിയാണ് ചുന്നു മാഞ്ചിക്ക് കോടതി വധശിക്ഷ വിധിച്ചത്.